തൃശൂർ: ആരോഗ്യശാസ്ത്ര ബിരുദധാരികളായി തൊഴിൽമേഖലയിൽ കൂടുതൽ പ്രാവീണ്യംനേടിയവർ സമൂഹനന്മയ്ക്കായി പ്രവർത്തിക്കണമെന്നു ഗവർണർ രാജേന്ദ്ര വിശ്വാനാഥ് അർലേക്കർ. ആരോഗ്യസർവകലാശാലയുടെ 22-ാമതു ബിരുദദാനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗം സാമൂഹികപ്രതിബദ്ധത ആവശ്യമുള്ള തൊഴിൽമേഖലയാണെന്നും ആ ഉത്തരവാദിത്വം നിറവേറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാലയുടെ ഏഴ് അക്കാദമിക് മേഖലകളിൽനിന്നുള്ള വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു. കേരളത്തിലെ 395 ആരോഗ്യ ശാസ്ത്രസ്ഥാപനങ്ങളിൽനിന്നായി 7457 വിദ്യാർഥികളാണ് ബിരുദം നേടിയത്. സർവകലാശാല സ്ഥാപിതമായശേഷം ബിരുദം നേടുന്നവരുടെ എണ്ണം 1,89,497 ആയി ഉയർന്നു. നേരിട്ടു കൈപ്പറ്റാൻ സാധിക്കാത്ത വിദ്യാർഥികളുടെ ബിരുദസർട്ടിഫിക്കറ്റുകൾ തപാലിൽ അയച്ചുനൽകും.
വിവിധ ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ ഒന്നാംറാങ്ക് നേടിയ 11 വിദ്യാർഥികളെ കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. രണ്ടാംവർഷ എംബിബിഎസ് മൈക്രോബയോളജി റെഗുലർ പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർഥിക്കായി 2017 മുതൽ നൽകിവരുന്ന ഡോ. സി.കെ. ജയറാം പണിക്കർ എൻഡോവ്മെന്റും ഡോ. ശോഭ സുന്ദരേശ്വരൻ അക്കാഡമിക് എക്സലൻസ് ഇൻ ഓർത്തോഡോന്റിക്സ് എൻഡോവ്മെന്റും ചടങ്ങിൽ സമ്മാനിച്ചു.
വൈസ് ചാൻസലർ പ്രഫ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ പ്രഫ.എസ്. ഗോപകുമാർ, പരീക്ഷാ കണ്ട്രോളർ പ്രഫ.എസ്. അനിൽകുമാർ, അക്കാദമിക് ഡീൻ ഡോ.ആർ. ബിനോജ്, റിസർച്ച് ഡീൻ ഡോ. കെ.എസ്. ഷാജി, സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ.ആർ. ആശിഷ്, മറ്റു ഫാക്കൽറ്റി ഡീനുകൾ, ഗവേണിംഗ് കൗണ്‍സിൽ-അക്കാദമിക് കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.